May 8, 2016

"കനലാടി" : മുച്ചിലോട്ട് ഭഗവതിയും പെരുവണ്ണാനും കുറച്ച് ചിന്തകളും





അങ്ങനെ.. കുറെ പ്രശ്നങ്ങള്‍ക്കും ആശങ്കകള്‍ക്കും ഒടുവില്‍ പറക്കോട്ടുകാവ് താലപ്പൊലി ഇന്ന് വെറും ചടങ്ങ് മാത്രമായി നടന്നു.. 2-3 പഞ്ചവാദ്യവും വെടിക്കെട്ടും കാണാനുള്ള അവസരവും നഷ്ടമായി. നാട്ടിലേക്കുള്ള ടിക്കറ്റും ക്യാന്‍സല്‍ ചെയ്തു ഞായറാഴ്ച കാലത്ത് ഉദ്യാന നഗരത്തില്‍ വെറുതെ ഇരിക്കുന്ന നേരത്താണ് കൂട്ടുകാരന്‍ അനൂപിന്‍റെ ട്വീറ്റ് കാണുന്നത് - ഇവിടെ അടുത്ത് ഒരു സ്ഥലത്ത് തെയ്യത്തെ കുറിച്ചുള്ള "കനലാടി" എന്ന ഡോകുമെന്ററി പ്രദര്‍ശിപ്പിക്കുന്നു. പിന്നെ കൂടുതലൊന്നും ആലോചിച്ചില്ല. "ഞാന്‍ ഇപ്പൊ വരാം" എന്ന് വീട്ടില്‍ പറഞ്ഞു ബൈക്ക് എടുത്തു നേരെ വിട്ടു. ഉച്ചക്ക് ഒന്നരക്ക് ആയിരുന്നു പ്രദര്‍ശന സമയം. തുടങ്ങാന്‍ കുറച്ചു വൈകി. പക്ഷേ ആ കാത്തിരിപ്പ്‌ വെറുതെയായില്ല എന്ന് തന്നെ പറയാം.

അതിയടം മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തില്‍ പന്ത്രണ്ടോ അതില്‍ കൂടുതലോ വര്‍ഷങ്ങളില്‍ ഒരിക്കല്‍ മാത്രം നടന്നുവരുന്ന പെരുങ്കളിയാട്ടം ആണ് ഡോകുമെന്ററിയുടെ പ്രമേയം. 2013-ല്‍ നടന്ന പെരുങ്കളിയാട്ടത്തിന്റെ എട്ടു ദിവസങ്ങളോളം നീണ്ടു നില്‍ക്കുന്ന ചടങ്ങുകള്‍ എല്ലാം ക്യാമറയില്‍ പകര്‍ത്തി അത് ചുരുക്കി ഒന്നര മണിക്കൂര്‍ ഉള്ള ഒരു ഡോകുമെന്ററി ആയി അവതരിപ്പിക്കുക എന്ന ശ്രമകരമായ ജോലി നല്ല രീതിയില്‍ തന്നെ നിര്‍വഹിക്കുന്നതില്‍ സംവിധായകനും സംഘവും വിജയിച്ചിരിക്കുന്നു എന്ന് തന്നെ പറയാം.. പ്രേക്ഷകന് ആ തെയ്യം അതിയടത്ത് പോയി കണ്ട ഒരു പ്രതീതി ലഭിക്കുന്നു ഈ ഡോകുമെന്ററി കണ്ടുകഴിയുമ്പോള്‍. ചടങ്ങുകളും ആളുകളുടെ വൈകാരികമായ ഭാവങ്ങളും ക്യാമറമാന്‍ അന്സൂര്‍ മനോഹരമായി പകര്‍ത്തിയിരിക്കുന്നു. A visual treat!




അമ്പല മുറ്റത്തെ ചെമ്പക മരം ഭഗവതിയായി കഥ പറഞ്ഞു തുടങ്ങുന്നു.. നമ്മള്‍ക്ക് പരിചിതമായ പ്രവീണയുടെ ശബ്ദത്തില്‍. വാദപ്രതിവാദത്തിലൂടെ കെണിയില്‍ പെടുത്തി ഭ്രഷ്ട് കല്‍പ്പിക്കപ്പെട്ട ബ്രാഹ്മണ കന്യക ജീവത്യാഗം ചെയ്യുകയും അതിനു ശേഷം മുച്ചിലോട്ടു ഭഗവതിയായി മാറുകയും ചെയ്ത കഥ പറഞ്ഞ് തീര്‍ത്ത ശേഷം പിന്നെ പോകുന്നത് ഇപ്പോഴത്തെ ചടങ്ങുകളിലെക്കാണ്. തെയ്യം കെട്ടുന്ന കോലക്കാരനെ തിരഞ്ഞെടുക്കുന്ന രീതിയും, അതിനു ശേഷം കോലക്കാരന്‍റെ ചിട്ടയോടെയുള്ള ജീവിതവും, ചടങ്ങുകളും എല്ലാം വിശദമായി കാണാം.

ചടങ്ങുകളുടെ ദൃശ്യങ്ങള്‍ ഏറെക്കുറെ കഴിഞ്ഞ ശേഷം, ഡോകുമെന്ററി തീര്‍ന്നു എന്ന് പ്രേക്ഷകന് തോന്നിക്കുന്ന നേരത്താണ് ഇതിലെ വളരെ പ്രസക്തം എന്ന് എനിക്ക് തോന്നിച്ച അവസാന ഭാഗം വരുന്നത്. പ്രകൃതിയെ കുറിച്ച്..  ഭഗവതിയിലും ഭക്തിയിലും ഒതുങ്ങി നിന്ന് പോകാമായിരുന്ന ഒരു ഡോകുമെന്ററി വളരെ വ്യത്യസ്തമായി സമകാലീന പ്രശ്നമായ പ്രകൃതി ചൂഷണതിലേക്ക് ശ്രദ്ധ തിരിക്കുന്നു. പെരിഞ്ചെല്ലൂരില്‍ നിന്ന് ഭ്രഷ്ട് കല്‍പ്പിക്കപ്പെട്ട ബ്രാഹ്മണ കന്യക നടന്ന വന്ന വഴിയിലെ പാടങ്ങളും ജലാശയങ്ങളും നേരിടുന്ന നാശങ്ങള്‍ മുതല്‍ തെയ്യകോലത്തിന് ഉപയോഗിക്കുന്ന കാട്ടുപൂക്കള്‍ വിരളമാവുന്നത് വരെ പ്രതിപാദിച്ചിരിക്കുന്നു. സ്ത്രീകള്‍ക്കെതിരെ അക്രമങ്ങള്‍ വലിയ വാര്‍ത്തകള്‍ ആവുന്ന ഈ കാലത്തെ പോലെതന്നെ പണ്ടുകാലത്തും സ്ത്രീകള്‍ക്ക്  നേരെ അടിച്ചമര്‍ത്തലുകള്‍ നടന്നിരുന്നു എന്ന സത്യം മുച്ചിലോട്ട് ഭഗവതി തെയ്യം എന്ന സാധാരണക്കാരന്‍റെ ദൈവം നമ്മളെ ഓര്‍മിപ്പിക്കുന്നു. ആ വിഷയം പ്രേക്ഷകനിലേക്ക് പകരുവാനും ഈ ഡോകുമെന്ററി സഹായിക്കുന്നു.  




തുടര്‍ച്ചയായി മൂന്നു തവണ മുച്ചിലോട്ട് ഭഗവതി തെയ്യം കെട്ടിയ കോലക്കാരനായ അതിയടം കുഞ്ഞിരാമന്‍ പെരുവണ്ണാനെ കേന്ദ്രീകരിച്ചാണ് ഡോകുമെന്ററി മുന്നോട്ട്‌ നീങ്ങുന്നത്‌. കോലക്കാരനെ തിരഞ്ഞെടുക്കുന്നതു മുതല്‍ ഉള്ള അദ്ധേഹത്തിന്റെ ജീവിതവും, ഈ കളിയാട്ടം നടക്കുമ്പോള്‍ തെയ്യം കെട്ടിയ അദ്ധേഹത്തെ കാണാന്‍ വന്ന ഒരുപാട് ആളുകളും ഭക്തിയും.. പിന്നീട്  ഈ പെരുങ്കളിയാട്ടം കഴിഞ്ഞശേഷം നാട്ടിലെ അതെ ആളുകള്‍ക്കിടയിലൂടെ ഒരു തിരക്കും ഇല്ലാതെ അധികം ആരും ശ്രദ്ധിക്കാതെ സാധാരണക്കാരനായി നടന്നു പോകുന്ന അദ്ധേഹത്തിന്റെ ജീവിതവും നമുക്ക് കാണാം. വിവരണം ശ്രീ. കുഞ്ഞിരാമനും മറ്റൊരാളും (ക്ഷമിക്കുക, ആ പേര് ഞാന്‍ കുറിച്ചു വെയ്ക്കാന്‍ മറന്നുപോയി) വളരെ നല്ല രീതിയില്‍ ചെയ്തിരിക്കുന്നു.

സംവിധായകന്‍ ശ്രീ. വി. കെ. അനില്‍കുമാര്‍ പ്രേക്ഷകരോട് സംസാരിക്കുന്നു


വെറുതെ പാഴായി പോകുമായിരുന്ന ഒരു ഞായറാഴ്ച ഇങ്ങനെ നല്ല ഒരു അനുഭവം സമ്മാനിച്ച 'സെന്‍റര്‍ സ്റ്റേജ്' എന്ന കൂട്ടായ്മക്കും ഡോകുമെന്ററി പ്രദര്‍ശനത്തിനു മുന്‍പും പിന്‍പും അതിനെ കുറിച്ചു സംസാരിക്കാനും കുറെ അറിവുകള്‍ പങ്കുവെക്കുവാനും സന്മനസ്സ് കാണിച്ച സംവിധായകന്‍ വി. കെ. അനില്‍കുമാറിനും നന്ദി.



കുറിപ്പ്: മലബാറിലെ തെയ്യങ്ങളെ കുറിച്ചുള്ള എന്റെ അറിവ് പരിമിതമാണ്. ഒന്ന് രണ്ടു തവണ മാത്രമേ നേരില്‍ തെയ്യം കാണുവാന്‍ എനിക്ക് അവസരം ലഭിച്ചിട്ടുള്ളൂ. ഈ പോസ്റ്റിലെ വിവരങ്ങള്‍ എല്ലാം ഡോകുമെന്ററിയും സംവിധായകനും പകര്‍ന്നുതന്ന അറിവിനെ അടിസ്ഥാനമാക്കിയുള്ളണ്. എഴുതിയതില്‍ തെറ്റുകള്‍ ഉണ്ടെങ്കില്‍ പൊറുക്കുവാനും ചൂണ്ടിക്കാണിക്കാനും അപേക്ഷ. നന്ദി.

No comments: