നിലാവിൽ യമുനയുടെ തീരത്ത് നക്ഷത്രമെണ്ണിക്കിടന്ന
ആറാംതമ്പുരാനിലെ ജഗന്നാഥനെ പോലെ എനിക്കും ഒരു വെളിപാട് ഉണ്ടായി.. എന്താ? ഗ്വാളിയോറിലേക്ക്
അല്ല, മറിച്ച് തൃശൂരിലേക്ക് പോകാൻ.. എന്തിനാ? കേരള ക്ഷേത്രവാദ്യകലാ അക്കാദമിയുടെ
"വാദ്യ പ്രപഞ്ചം" പരിപാടിയിൽ പങ്കെടുക്കാൻ.. വാട്സാപ്പിലൂടെ ആരോ അയച്ചു തന്ന
ഒരു നോട്ടീസ്.. അത് കണ്ടത് മുതൽ ഉള്ള ഒരു ആഗ്രഹം (അല്ലെങ്കിൽ ആക്രാന്തം എന്നും പറയാം)
ആയിരുന്നു എങ്ങനെ എങ്കിലും ഈ പരിപാടിയിൽ പങ്കെടുക്കണം എന്ന്.. കാരണം രണ്ടു ദിവസം കൊണ്ട്
ഒരുപാട് നല്ല കലാപരിപാടികൾ കാണുവാൻ സാധിക്കും എന്നത് തന്നെ..
ട്രെയിൻ ടിക്കറ്റ് നോക്കി.. ആർഎസി.. ആർഎസി
എങ്കിൽ ആർഎസി.. അത് റെഡി. അടുത്തത് ലീവ്.. Oct 28 തിങ്കളാഴ്ച ഉദ്ഘടാനം, വൈകുന്നേരം
ഇടക്ക വിസ്മയം പരിപാടി. ചൊവ്വയും ബുധനും (29 & 30) ആണ് മറ്റ് പ്രധാന പരിപാടികൾ..
ലീവ് എടുക്കാതെ നടക്കില്ല.. ഓഫീസിൽ പറഞ്ഞപ്പോൾ ഇപ്പൊ എടുത്താൽ പിന്നെ ഈ വർഷം ഇനി ലീവ്
തരില്ല എന്ന്.. അപ്പൊ തൃപ്പൂണിത്തുറ? അത് പൂർണ്ണത്രയീശൻ നോക്കിക്കോളും എന്ന വിശ്വാസത്തിൽ
ഈ രണ്ടു ദിവസം ലീവ് ആക്കി.. ചൊവ്വാഴ്ച രാവിലെ തൃശൂർ എത്തി റെഡി ആയി ഇറങ്ങി.. അപ്പോഴാണ്
മനസ്സിലായത് അന്ന് കടകൾ മുടക്കം ആണത്രേ.. ഇത് പോലെ ചില കാര്യങ്ങളിൽ നമ്മടെ നാട് മഹാ
തോൽവി ആണ്.. പറയാതെ വയ്യ.. നാട്ടിൽ വരുന്നവനെ ബുദ്ധിമുട്ടിക്കാൻ വെറുതെ കുറെ സമരോം,
ഹർത്താലും, പണിമുടക്കും.. എന്നിട്ട് ടൂറിസം, ഗോഡ്സ് ഓൺ കൺട്രി എന്നൊക്കെ തള്ളി മറിക്കുകയും
ചെയ്യും..
പട്ടിണി ആവുമോ എന്ന് കരുതി നടക്കുന്ന
നേരത്ത്.. ഭാഗ്യത്തിന് പൂങ്കുന്നത്തിൽ ഒരു ചെറിയ കട തുറന്നിരുന്നു.. അവിടെ നിന്ന്
2 ഇഡ്ഡലി വേഗം വിഴുങ്ങി ഒരു ഓട്ടോയിൽ കയറി നായ്ക്കനാലിൽ എത്തി.. മൈതാനത്തിന് ഉള്ളിലേക്ക്
നടന്നു.. "അന്നമനട പരമേശ്വര മാരാർ വേദി".. അദ്ദേഹത്തിന്റെ ഓർമയ്ക്ക് അദ്ദേഹത്തിന്റെ
പേരിൽ വലിയ സ്റ്റേജും, പന്തലും.. പരമേട്ടനെ ആ വേദിയിൽ ഇരുന്ന് കാണുവാൻ ആയിരുന്നു ഇഷ്ടം..
പക്ഷേ, കാലത്തിന്റെ നിശ്‌ചയം.. അത് മാറ്റാൻ ആവില്ലല്ലോ.. :(
രാവിലെ 9 മണി കഴിഞ്ഞു.. വലിയ തിരക്ക്
ഒന്നും ഇല്ല.. പന്തലിനകത്തു ആളുകൾ നന്നേ കുറവ്.. സ്റ്റേജിലും ആരുമില്ല.. ഇതിനിടയിൽ
2 ദിവസത്തെ ലീവ് വെറുതെയാവുമോ എന്ന വേവലാതി.. കുറച്ചു നേരം അവിടെ നിന്ന് തിരിഞ്ഞു..
ചില പരിചയക്കാരെ കണ്ടു.. സമയം പോകും തോറും തിരക്ക് കൂടി കൂടി വന്നു.. കുറച്ചു വൈകി
ആണെങ്കിലും പരിപാടി ആരംഭിച്ചു. ശ്രീ. അമ്പലപ്പുഴ വിജയകുമാറും ശ്രീ. അയിലൂർ അഖിലും കൂടി
സോപാന സംഗീതം. ഇതിനിടയിൽ കുറെ കൂട്ടുകാരെ കണ്ടു.. അവരോട് സംസാരിച്ചു നിന്നു.. ക്യാമറ
എവിടെ വെയ്ക്കും എന്ന് നോക്കി നിൽക്കുമ്പോൾ ഫോട്ടോഗ്രാഫർ പ്രഭേട്ടൻ അദ്ദേഹത്തിന്റെ
വീഡിയോ ക്യാമറയുടെ സൈഡിൽ ഒരു കസേര എടുത്തിട്ടിട്ട് "അവിടെ ഇരുന്നോളൂ" എന്നായി..
സന്തോഷം! സോപാന സംഗീതം കഴിഞ്ഞ് അടുത്തത് കേളി.. ചെണ്ടയിൽ ശ്രീ. മട്ടന്നൂർ ശങ്കരൻകുട്ടി
മാരാരും ശ്രീ. മട്ടന്നൂർ ശ്രീകാന്തും.. മദ്ദളത്തിൽ ശ്രീ. കോട്ടക്കൽ രവി, ശ്രീ. സദനം
ഭരതരാജൻ.. അത് കഴിഞ്ഞ് കൊമ്പ് പറ്റ്, കുഴൽ പറ്റ് എന്നിവയും മനോഹരമായി.. ഉത്ഘാടന സമ്മേളനം
തുടങ്ങിയപ്പോൾ ഞങ്ങൾ ഭക്ഷണപ്രാന്തമാർ എല്ലാം കൂടി റൗണ്ടിൽ തെണ്ടാൻ ഇറങ്ങി.. 4-5 ഹോട്ടലുകളിൽ
പോയി നോക്കി.. ഒന്നും തുറന്നിട്ടില്ല.. അവസാനം ഒരെണ്ണം കിട്ടി.. അതൊട്ട് ഒരു സുഖവും
ആയില്ല.. കുറച്ച് തിന്നു എന്ന് വരുത്തി.. വേഗം തിരിച്ചു നടന്നു..
ധൃതി കൂട്ടാൻ കാരണം ഉണ്ട്.. അടുത്ത ഐറ്റം
നമ്മടെ ഭാഗത്തൊന്നും കാണാൻ കിട്ടാത്ത ഒന്നാണ്.. "ഇരട്ട പന്തി മേളം"കോഴിക്കോട്
ജില്ലയിൽ കൊയിലാണ്ടി ഭാഗത്ത് പ്രചാരത്തിൽ ഉള്ളത് ആണത്രേ.. മുൻപ് അതിനെ കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും
ഇത് വരെ കാണാൻ സാധിച്ചിരുന്നില്ല.. ഒറിജിനലിന്റെ അത്രയും ഇല്ല എങ്കിലും ഏകദേശം രണ്ടു
മണിക്കൂർ ദൈഘ്യത്തിൽ ഒരു ചെറിയ മേളം ആണ് അവതരിപ്പിച്ചത്. മേളത്തിന് മുൻപ് ശ്രീ. മട്ടന്നൂർ
ശങ്കരൻകുട്ടി മാരാർ ഇരട്ട പന്തി മേളത്തെ കുറിച്ച് നൽകിയ ഒരു ചെറിയ ആമുഖം ഇതുവരെ ഇരട്ട
പന്തി മേളം കേൾക്കാത്തവർക്ക് അതിനെ കുറിച്ച് അറിയാൻ സഹായകരമായി. രണ്ടു സംഘങ്ങളായി നിന്ന്
ഓരോ കലാശവും ആദ്യത്തെ സംഘം കൊട്ടിയത് രണ്ടാമത്തെ സംഘവും കൊട്ടി.. മേളം നടക്കുമ്പോൾ
വേദിയിൽ ഇരിക്കുകയായിരുന്ന പെരുവനം കുട്ടേട്ടൻ, മട്ടന്നൂർ ആശാൻ, കല്ലൂർ ആശാൻ എന്നിവരുടെ
കൂടെ ഒരു സെൽഫിയും തരപ്പെട്ടു.. മേളം പതുക്കെ പുരോഗമിച്ചു.. അവസാനം ഒന്നിച്ച് കൊട്ടി
മേളം കലാശിച്ചു. (ഇരട്ട പന്തി മേളത്തെ കുറിച്ച് കൂടുതലായി പറയാൻ അറിയില്ല). എന്തായാലും
ഇരട്ട പന്തി മേളം എനിക്ക് ഒരു വ്യത്യസ്തമായ അനുഭവം ആയിരുന്നു..
കോഴിക്കോടിന്റെ ഇരട്ട പന്തിമേളം കഴിഞ്ഞ്
അടുത്ത പരിപാടി ഒരു ജില്ല കൂടി വടക്കോട്ട് മാറി കണ്ണൂരുകാരുടെ ഊഴമായിരുന്നു. ശ്രീ.
ചെറുതാഴം ചന്ദ്രേട്ടനും ശ്രീ. ചിറക്കൽ നിധീഷും കൂടിയുള്ള ഇരട്ട തായമ്പക. പറയാൻ വാക്കുകൾ
ഇല്ല.. വളരെ നല്ല നിലവാരം പുലർത്തിയ ഒരു തായമ്പക തന്നെയായിരുന്നു അത്. തായമ്പകക്ക്
ശേഷം സോപാന സംഗീത മത്സരം ആയിരുന്നു.. അയിലൂർ അഖിലും കലാപീഠം ബിലഹരിയും മനോഹരമായി പാടി..
മറ്റാരെങ്കിലും ഉണ്ടായിരുന്നോ എന്ന് അറിയില്ല.. ഞാൻ അവിടെ നിന്ന് ഇറങ്ങി.. ചെറിയ മഴക്കാറും
ഉണ്ടായിരുന്നു. വൈകുന്നേരത്തെ മുടിയേറ്റ് കാണാൻ നിന്നില്ല.. കുറേനാളായി മാറ്റി വെച്ച്
മാറ്റി വെച്ച് നീണ്ടു പോയ ഒരു കാര്യം ചെയ്തു തീർക്കാൻ ഉണ്ടായിരുന്നു. തൃപ്രയാർ പോയി
ഒന്ന് തൊഴാൻ.. കുറെ വർഷങ്ങൾക്ക് മുൻപ് പോയതാണ്.. പിന്നെ തേവരെ കാണുന്നത് ആറാട്ടുപുഴ
പാടത്ത് മാത്രം ആണ്.. "നിനക്ക് വല്ലപ്പോഴും ആ വഴി വന്നൂടെ? ഞാൻ അല്ലെ നിന്നെ എല്ലാ
വർഷവും വന്നു കാണുന്നത്?" എന്ന് അങ്ങേരെ കൊണ്ട് ചോദിപ്പിക്കാൻ ഇടവരുത്തും മുൻപ്
ഒന്ന് പോയി തൊഴണം എന്നുണ്ടായിരുന്നു..
വൈകുന്നേരത്തെ കുളി കഴിഞ്ഞ് പുറത്തിറങ്ങിയതും
നല്ല സൂപ്പർ മഴ.. ആ മഴയത്ത് പടിഞ്ഞാറേ കോട്ടയിൽ നിന്ന് ബസ് കയറി.. അതിന് എന്തോ കേടു
പറ്റി എന്ന് പറഞ്ഞ് കാഞ്ഞാണിയിൽ ഇറക്കി വിട്ടു. മഴ തൃശൂരിൽ നിന്ന് കൂടെ കൂടിയിട്ടുണ്ട്..
നിന്നിട്ടില്ല.. കാഞ്ഞാണിയിൽ നിന്ന് രണ്ട് ബസ് കൂടി മാറി കയറി ഒരു ഏഴേകാൽ കഴിഞ്ഞ് തൃപ്രയാർ
അമ്പലത്തിൽ എത്തി.. മഴ നിന്നിരുന്നു.. പക്ഷേ കറണ്ട് ഇല്ല.. ഒന്ന് രണ്ടു കടകൾ ഒഴികെ
എല്ലാം അടച്ചിരിക്കുന്നു.. അകത്തു ജനറേറ്റർ വക കറണ്ട് ഉണ്ട്.. തായമ്പക നടക്കുന്നു,
കഴിയാറായി.. കേൾക്കാൻ നിന്നില്ല.. ആദ്യം വന്ന കാര്യം നോക്കണമല്ലോ.. തീരെ തിരക്കില്ല..
ഒരു മൂന്നാല് തവണ പ്രക്ഷിണം വെച്ച് തൊഴുതു പുറത്തിറങ്ങി.. ഏതോ ഒരു ഗണപതി ചെവിയാട്ടി
നിൽക്കുന്നു.. മുഴുവൻ പേര് മറന്നു.. രാത്രി ശീവേലിക്ക് വന്നതാണ്.. അതിനെ രണ്ടു മിനിറ്റ്
നോക്കി നിന്നു. അപ്പോഴാണ് അമ്പലത്തിൽ ഇറങ്ങിയ ബസ്സിലെ കണ്ടക്ടർ പയ്യൻ പറഞ്ഞത് ഓർത്തത്..
"8:40 ന്റെ ലാസ്റ്റ് വണ്ടി ഇന്ന് ഉണ്ടാവില്ല.. 8:10 ന്റെ വണ്ടിക്ക് തന്നെ പൊയ്ക്കോളൂ..
" സമയം ഏഴേ മുക്കാൽ ആയി. ശീവേലിക്ക് നിന്നില്ല.. പുറത്തിറങ്ങിയപ്പോൾ വിശപ്പുണ്ട്..
വണ്ടി വരാൻ സമയവും ഉണ്ട്.. നമ്പീശൻസ് ഹോട്ടലിൽ കയറി ഒരു ദോശ അകത്താക്കി 8:10 വണ്ടിക്ക്
തന്നെ തൃശൂർക്ക് തിരിച്ചു.
തൃപ്രയാർക്ക് പോകുമ്പോഴും വരുമ്പോഴും
നമ്മൾ അറിയാതെ തന്നെ ദൈവത്തെ വിളിച്ചു പോവും.. ബസ് ഓടിച്ചവരേയും അവരുടെ പിതാമഹന്മാരെയും
പരവതാനി പോലെ റോഡ് പണിത ഉദ്യോഗസ്ഥരെയും സർക്കാരിനെയും അവരുടെയൊക്കെ കുടുംബക്കാരെയും
സ്മരിച്ചു. ആരുടെയൊക്കെയോ പുണ്യം കൊണ്ട് നാടുവൊടിയാതെ തൃശൂർ എത്തി.. നേരത്തെ ഉറങ്ങാൻ
കിടന്നു.. അടുത്ത ദിവസം വരിവരിയായി മേളവും പഞ്ചവാദ്യവും എല്ലാം ഉണ്ട്..
ആദ്യ ദിനം പോലെ തന്നെ തുടങ്ങാൻ കുറച്ചു
വൈകി.. ശൂരനാട് ഹരികുമാറിന്റെ സോപാന സംഗീതത്തോടെ പരിപാടികൾ തുടങ്ങി.. അദ്ദേഹം മനോഹരമായി
പാടി. അടുത്തത് മേള ഗന്ധർവൻ ശ്രീ. കിഴക്കൂട്ട് അനിയൻ മാരാരുടെ പ്രമാണത്തിൽ പാണ്ടി..കൃത്യം
ഒന്നരമണിക്കൂർ.. ഇടിവെട്ട് പാണ്ടി.. അടുത്തത് ശ്രീ. കരിയന്നൂർ നമ്പൂതിരിയുടെ നേതൃത്വത്തിൽ
വാദ്യ സമന്വയം. പക്ഷെ അത് കേൾക്കാൻ നിന്നില്ല.. നേരെ വടക്കുംനാഥന്റെ കിഴക്കേ ഗോപുരത്തിലേക്ക്
വിട്ടു.. ശ്രീ. പെരുവനം കുട്ടൻ മാരാരുടെ പ്രമാണത്തിൽ 1000 ത്തിൽ പരം കലാകാരന്മാർ അണിനിരക്കുന്ന
പഞ്ചാരി മേളം ആണ് നടക്കാൻ പോകുന്നത്.. ഇത്രയും പേർ ഉള്ളത് കൊണ്ട് അത് എങ്ങനെ ആവും എന്ന
ആശങ്കയും അതെ സമയം ആവേശവും..
അവിടെ എത്തിയപ്പോൾ ആ കാഴ്ച കണ്ടു കാറ്റ്
പോയി.. കിഴക്കേ ഗോപുരം മുതൽ ഏകദേശം റൌണ്ട് വരെ കലാകാരന്മാർ നിരന്ന് നിൽക്കുന്നു.. പിന്നെയും
കലാകാരന്മാർ വന്നു കൊണ്ടിരിക്കുന്നു.. കാറ്റ് പോവാൻ കാരണം അതല്ല.. ഇത്രേം പേരെ കാണും
പോലെ ഒരു ഫോട്ടോ / വീഡിയോ എടുക്കാൻ ഒരു സ്ഥലം പോലും ഇല്ല.. പതുക്കെ പാറമേക്കാവിന്റെ
ഭാഗത്തേക്ക് നടന്നു.. അങ്ങേ അറ്റം എത്തിയപ്പോഴേക്കും മഴ ചാറി.. ആൾത്തിരക്കില്ലാതെ നിന്നിരുന്ന
ഒരു ജ്യൂസ് വിൽക്കുന്ന ഓട്ടോയുടെ കുടയുടെ താഴെ ഞാനും ക്യാമറയും മഴ നനയാതെ നിന്നു..
ആ ചാറ്റൽ മഴ മാറി അധികം താമസിയാതെ മേളം തുടങ്ങി. പടിഞ്ഞാറ് വശത്ത് നിന്നിട്ട് ഒന്നും
നേരെ കാണാൻ പറ്റുന്നില്ല.. ക്യാമറ പൊക്കി പിടിച്ചിട്ടും ഒന്നും ക്ലിയർ ആവുന്നില്ല..
പതുക്കെ കിഴക്കേ ഗോപുരത്തിന്റെ ഭാഗത്തേക്ക് തന്നെ നടന്നു.. അവിടെ ഗോകുലിനെയും നാരായണൻകുട്ടി
ഏട്ടനെയും കണ്ടു.. അവരുടെ സഹായത്തോടെ കുറച്ച് ഉയരമുള്ള ഭാഗത്തേക്ക് വലിഞ്ഞു കയറി ക്യാമറ
വെച്ചു.. ഒന്ന് ബാലൻസ് ചെയ്തു നിന്ന് തുടങ്ങിയപ്പോഴേക്കും ദാ, വീണ്ടും മഴ. ഭാഗ്യത്തിന്
ക്യാമറ ബാഗിൽ ഒരു പ്ലാസ്റ്റിക് കവർ ഉണ്ടായിരുന്നു. അത് വെച്ച് ക്യാമറ പൊതിഞ്ഞു. മഴ
കുറച്ചു ബുദ്ധിമുട്ടിച്ചു എങ്കിലും ഏറെ വൈകാതെ നിന്നു. ഏകദേശം ഒരു 45 മിനിറ്റ് നേരം
കൊണ്ട് മേളം അവസാനിച്ചു.
മുന്നൊരുക്കങ്ങളിൽ ചെറിയ കുറവുകൾ ഉണ്ടായിരുന്നു.
അതും പ്രത്യേകിച്ച് മേള നിര വടക്കുംനാഥന്റെ കിഴക്കേ ഗോപുരം മുതൽ, താഴെ റൗണ്ട് വരെ നീളത്തിൽ
നിൽക്കുമ്പോൾ പ്രമാണിമാരെ കാണുകയും കേൾക്കുകയും ചെയ്യുന്നത് ബുദ്ധിമുട്ടാണ്.. കലാകാരന്മാരെ
കുറച്ചു കൂടി നേരത്തെ റ ആകൃതിയിൽ സെറ്റ് ചെയ്തു നിർത്താമായിരുന്നു.. (പക്ഷെ, പ്രതീക്ഷിച്ചതിലും
മുന്നേ മേളം തുടങ്ങേണ്ടി വന്നു എന്നും കേട്ടു.. അത് കൊണ്ട് നിർത്താൻ സമയം തികഞ്ഞില്ല
എന്നോ മറ്റോ). വാദ്യക്കാരനായ എന്റെ ഒരു സുഹൃത്ത് സൂചിപ്പിച്ചു, വലം തലയും താളവും കേൾക്കുന്ന
പോലെ കുറച്ചു feedback സ്പീക്കറുകൾ പുറകിൽ വെച്ചിരുന്നു എങ്കിൽ ഈ പ്രശ്‍നം പരിഹരിക്കാനാവുമായിരുന്നു
എന്ന്.. .. പിന്നെ, മഴ.. അതിപ്പോ ആരുടേയും കയ്യിൽ അല്ല.. അതും പെയ്തു ഈ 45 മിനിറ്റിൽ
2 തവണ.. ഇങ്ങനെ പല കാരണം കൊണ്ടും ഒന്ന് രണ്ടു തവണ എവിടെയൊക്കെയോ ചെറിയ പ്രശ്നങ്ങൾ അനുഭവപ്പെട്ടു..
എന്നാലും അതിനെ പിടിച്ചു കൂട്ടി ഒരു വൃത്തിക്ക് കലാശിപ്പിക്കാൻ കുട്ടൻ മാരാരുടെ അനുഭവ
സമ്പത്തിന് സാധിച്ചു എന്ന് പ്രത്യേകം എടുത്ത് പറയേണ്ടിയിരിക്കുന്നു. ഒരു റിഹേഴ്‌സൽ
പോലും ഇല്ലാതെ ഇത്രേം വലിയ മേളത്തിന് പ്രമാണം വഹിക്കുക എന്ന സാഹസിക ദൗത്യം ഏറ്റെടുക്കുക
എളുപ്പമല്ല. അക്കാദമി പ്രസിഡണ്ട് ശ്രീ. അന്തിക്കാട് പദ്മനാഭനും സംഘവും ഓടി നടന്നു മേള
നിയന്ത്രണത്തിന് സഹായിക്കുവാനും ഉണ്ടായിരുന്നു.
ഇതിന്റെയൊക്കെ ആവശ്യമുണ്ടോ എന്ന് ചോദിക്കുന്നവരും
ഉണ്ട്.. അതിപ്പോ ഓണത്തിന് വലിയ സദ്യ വേണോ, ഒരു ചോറും കറിയും പോരെ എന്ന് ചോദിക്കും പോലെ
മാത്രം.. കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നും വന്ന കലാകാരന്മാർ ആദ്യമായി ഒത്തു ചേർന്ന
അവരുടെ സമ്മേളനത്തിന് പ്രത്യേകമായി എന്തെങ്കിലും ചെയ്യണം എന്ന് കരുതിയാവണം ഇങ്ങനെ ഒരു
അസാധാരണമായ മേളം അരങ്ങേറിയത്. എന്തായാലും അതിനും സാക്ഷിയാവാൻ സാധിച്ചു. എന്നെ സംബന്ധിച്ചിടത്തോളം
This is a brave & bold attempt. കുറച്ചു കൂടി പ്ലാൻ ചെയ്തു സംഘടിപ്പിച്ചാൽ ഇനിയും
നന്നാക്കാനും സാധിക്കും..
കുറച്ച് കൂട്ടുകാരെ ഒക്കെ കാണാൻ സാധിച്ചു..
എല്ലാരോടും സംസാരിച്ച് വീണ്ടും സ്റ്റേജിന്റെ ഭാഗത്തേക്ക് നടന്നു.. ശ്രീ. ചോറ്റാനിക്കര
വിജയൻ മാരാരുടെ നേതൃത്വത്തിൽ പഞ്ചവാദ്യത്തിന് കലാകാരന്മാർ തയ്യാറായി നിൽക്കുന്നു..
എങ്കിലും എന്തുകൊണ്ടോ തുടങ്ങാൻ പിന്നെയും കുറച്ചു കൂടി നേരം വേണ്ടി വന്നു.. പഞ്ചവാദ്യം
ഇടകാലം ആയപ്പോഴേക്കും വിശപ്പ് കാരണം ഞാൻ ഒരു വഴി ആയി.. നാല് നാലര മണിയോടെ പഞ്ചവാദ്യം
കഴിഞ്ഞപ്പോൾ ആണ് സജീഷിന്റെ കൂടെ ഭക്ഷണം കഴിക്കാൻ പോയത്..
സമാപന സമ്മേളനം കഴഞ്ഞ ശേഷമാണ് അവസാന ഇനമായ
താളപ്രപഞ്ചം - നിരവധി കലാകാരന്മാരും കൂറുകളും ഉൾപ്പെട്ട തായമ്പക. അഞ്ചര മണിക്കാണ് നോട്ടീസിൽ..
പക്ഷെ സമാപന സമ്മേളനം തുടങ്ങുമ്പോൾ തന്നെ സമയം വൈകിയിരുന്നു.. നേരം വൈകുന്നു എന്ന്
തോന്നിയപ്പോൾ പോയി ബാഗ് എടുത്തുകൊണ്ട് വേദിയിലേക്ക് വന്നു.. അതാവുമ്പോൾ തായമ്പക കഴിഞ്ഞ്
നേരെ ട്രെയിൽ കയറാൻ പോവാലോ.. സമ്മേളനം കഴഞ്ഞ ശേഷം ബാലരാമാശാൻ പതികാലം തുടങ്ങിയപ്പോൾ
ഏഴര മണിയായി. അത് കഴിഞ്ഞ് ഓരോ കൂറുകളായി വിസ്തരിച്ച് തായമ്പക മുന്നോട്ടു പോയപ്പോൾ ഒരു
കാര്യം മനസ്സിലായി.. ട്രെയിൻ കയറണം എങ്കിൽ തായമ്പക തീരും മുന്നേ പോകണം.. അല്ലെങ്കിൽ
ട്രെയിനും ടിക്കറ്റിന്റെ കാശും പോട്ടെ എന്ന് വെയ്ക്കണം. ഫോൺ എടുത്ത് മാന്തി നോക്കി..
പതിനൊന്നേ മുക്കാലിന് "കൊല്ലടാ" ബസ്സിൽ ഒരു ടിക്കറ്റ് ബാക്കി ഉണ്ട്.. സ്റ്റേജിൽ
തായമ്പകക്ക് അകമ്പടി നിന്ന ശേഷം ഇറങ്ങി വരുന്ന ശ്രീകാന്തനോട് ചോദിച്ചു, എന്താ പ്പോ
വേണ്ടത്? "മുഴവൻ കണ്ടിട്ട് പോയ മതി, ഞാൻ കൊണ്ടാക്കാം" എന്നായി ഷാരടി.. പിന്നെ
വേറെ ഒന്നും ആലോചിച്ചില്ല.. അത് ബുക്ക് ചെയ്തു..
7-8 കൂറുകൾ ഓരോന്നായി കഴിഞ്ഞ് കല്ലൂരാശാൻ
ഇടകാലം തുടങ്ങുമ്പോൾ സമയം രാത്രി 10:50.. ക്യാമറ സെറ്റ് ചെയ്തു വെച്ചത് കൊണ്ട് അത്
അവിടെ ഇട്ടിട്ട് പോയി ഭക്ഷണം കഴിക്കാനും വഴി ഇല്ല.. എന്തായാലും നന്നേ വൈകിയല്ലോ, ഇനി
ഒരുപാട് താമസിയാതെ ഇപ്പൊ തീരുമായിരിക്കും എന്ന് കരുതിയ എനിക്ക് തെറ്റി.. കഷ്ടിച്ച്
50 പേർ ഉള്ള സദസ്സിന് മുൻപിൽ ശ്രീ. കല്ലൂർ രാമൻകുട്ടി മാരാരുടെ തായമ്പക കത്തിക്കയറി.. മൊബൈൽ ട്രാക്കിങ് ലിങ്കിൽ ബസ്സ് തൃശൂരിനോട്
ഓരോ കിലോമീറ്റർ അടുക്കുന്നതും ഞാൻ ടെൻഷനോടെ നോക്കി ഇരുന്നു.. ബസ് സ്റ്റോപ്പിൽ കൊണ്ട്
വിടാം എന്ന പറഞ്ഞ ശ്രീകാന്തിനേം കാണാൻ ഇല്ല.. ഇത്രേം ടെൻഷൻ അടിച്ച് ഒരു തായമ്പക ഇതിന്
മുന്നേ കണ്ടിട്ടില്ല.. ഇതിനിടയിൽ പരിചയക്കാർ ചിലർ വന്ന് ചോദിക്കുന്നുണ്ടായിരുന്നു..
"10 മണി ട്രെയിനിന് പോയില്ലേ?" എന്ന്.. അങ്ങനെ ചോദിച്ചുകൊണ്ട് അവസാനം വന്നത്
തൃപ്പൂണിത്തുറക്കാരൻ കൃഷ്ണേട്ടൻ.. കുറച്ചു കഴിഞ്ഞ് അത് എന്തോ എറർ കാണിച്ച് ട്രാക്കിങ്
ലിങ്ക് കട്ട് ആയി.. ബസ് വന്നാൽ വിളിക്കുമല്ലോ എന്ന് സമാദാനിച്ച് ഞാൻ തായമ്പകയിൽ മുഴുകി..
കൃത്യം 4 മണിക്കൂർ കൊട്ടി 11:30ന് തായമ്പക അവസാനിച്ചു.
15 മിനിറ്റിൽ ശക്തൻ സ്റ്റാൻഡ് എത്തണം.
ക്യാമറ ഒക്കെ വലിച്ചു വാരി ബാഗിൽ കയറ്റി. അപ്പോഴേക്കും ശ്രീകാന്തിനെയും കണ്ടു.. ബസ്
സ്റ്റോപ്പിൽ കാറിൽ കൊണ്ട് വിടാം എന്ന് പറഞ്ഞു കൃഷ്ണേട്ടൻ.. കാർ മൈതാനത്തു നിന്ന് റൗണ്ടിലേക്ക്
ഇറക്കുമ്പോൾ സമയം 11:40.. ലോക ചാമ്പ്യൻ ലൂയിസ് ഹാമിൽട്ടണെ ഓർമിപ്പിക്കും വിധം ഏകദേശം
അതേ ഹെയർ സ്റ്റൈലുള്ള കൃഷ്ണേട്ടൻ പറന്നു.. പാറമേക്കാവ് എത്തിയപ്പോൾ ബസ്സിന്റെ നമ്പറിൽ
വിളിച്ചു, കിട്ടി.. കുരിയച്ചിറ കഴിഞ്ഞതേ ഉള്ളൂ.. ശക്തൻ സ്റ്റാൻഡ് ഭാഗത്ത് ബസ് എത്താൻ
ഇനിയും മൂന്നാല് മിനിറ്റ് ഉണ്ട്.. ഹാമിൽട്ടൺ വീണ്ടും കൃഷ്ണൻ ആയി.. ബസ് സ്റ്റോപ്പിൽ
എത്തി.. ബസ് എത്തിയിട്ടില്ല..
എനിക്കാണെങ്കിൽ വയറിനകത്ത് പാണ്ടീം പഞ്ചാരീം
ഒക്കെ തുടങ്ങിയിട്ടുണ്ട്.. രാവിലെ 8 മണിക്ക് കഴിച്ച ശേഷം പിന്നെ വൈകുന്നേരം ആകെ കൂടി
രണ്ടു മൂന്ന് ചപ്പാത്തി ആണ് കിട്ടിയത്.. ഇപ്പൊ അത് കഴിഞ്ഞ് പിന്നേം 6-7 മണിക്കൂർ ആയി..
വിശപ്പിന്റെ വിളി കലശലായപ്പോൾ ഉത്തരേന്ത്യയിലെ പട്ടിണി പാവങ്ങൾക്ക് വേണ്ടി വാതോരാതെ
സംസാരിക്കുന്ന കേരളത്തിലെ ചിലരെ ഞാൻ ഓർത്തു.. എന്നിലെ സാംസ്‌കാരിക നായകൻ ഉണർന്നു. വണ്ടി
തിരിച്ചു പോയി വരുന്ന വഴി ഒരു ചെറിയ കടയിൽ കണ്ട നേത്രപ്പഴത്തിൽ 2 എണ്ണം വാങ്ങി വിഴുങ്ങി.
വിശപ്പ് പോയപ്പോൾ സാംസ്‌കാരിക നായകരെ അവരുടെ വഴിക്ക് വിട്ട് ബസ്സിന്റെ പുറകെ പോയി..
ബസ്സ് സ്റ്റോപ്പിൽ ഉണ്ട്.. ഞാൻ കാറിൽ നിന്ന് ഇറങ്ങി.. നല്ല ടൈമിംഗ്.. അതാ ബസ്സ് എടുത്തു..
കൃഷ്ണേട്ടൻ കാർ എടുത്തു ഹോൺ അടിച്ചു പറന്ന് ബസ്സിന്റെ മുന്നിൽ വട്ടം നിർത്തി..
"ആൾ കയറീട്ടില്ല ടോ"..
"ഞങ്ങൾ പോകുന്നൊന്നും ഇല്ല.. അപ്പുറത്തേക്ക്
മാറ്റി നിർത്താനാ" എന്നായി ഡ്രൈവർ.. ഛെ! ഒരു സിനിമാ സ്റ്റൈൽ ബസ്സ് ചെയ്‌സ് വേസ്റ്റ്
ആയി.. എന്തായാലും കൃത്യ സമയത്ത് എന്നെ അവിടെ എത്തിക്കാൻ വേണ്ടി വന്ന കൃഷ്ണേട്ടനും അങ്ങേരെ
എത്തിച്ച ഒറിജിനൽ കൃഷ്ണനും നന്ദി..
പോസ്റ്റ് ഒരുപാട് നീളം കൂടി.. കുറെ കാര്യങ്ങൾ
എഴുതിയത് മായ്ച്ചു.. വേറെ കുറെ കാര്യങ്ങൾ എഴുതിയിട്ടില്ല.. പിന്നെ എപ്പോഴെങ്കിലും ആവാം..
എന്തായാലും വാദ്യ പ്രപഞ്ചം നല്ല ഒരു അനുഭമായി.. പരിപാടികൾ നന്നായി അറേൻജ് ചെയ്തിരിക്കുന്നു.
സമയ നിഷ്ഠ മാത്രം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.. ലീവ് നഷ്ടമായോ എന്ന് ചിന്തിച്ച്
36 മണിക്കൂർ നേരം കൊണ്ട്, ലീവ് എടുത്തില്ലായിരുന്നു എങ്കിൽ നഷ്ടമായേനെ എന്ന് ബോധ്യമായി..
ഒരുപാട് ആൾക്കാരെ കാണാൻ സാധിച്ചു.. പുതിയതായി കുറെ പേരെ പരിചയപ്പെട്ടു.. പ്രഗത്ഭരായ
കലാകാരന്മാർ കാണികളുടെ കൂട്ടത്തിൽ ഇരിക്കുന്ന സദസ്സിന് മുൻപിൽ പ്രഗത്ഭരുടെ കലാ പരിപാടികൾ
ഉന്നത നിലവാരം പുലർത്തി.. അങ്ങനെ രണ്ടു ദിവസം നല്ല രീതിയിൽ ചിലവഴിച്ച സംതൃപ്തിയിൽ തൃശൂരിനോട്
വിട പറഞ്ഞു..









