February 23, 2010

കഥകളി..

ഇത് നിങ്ങള്‍ ഉദ്ദേശിക്കുന്ന രീതിയില്‍ ഉള്ള, കഥകളിയെ കുറിച്ചുള്ള ഒരു ലേഖനം അല്ല. എന്റെ റൂമിലെ കട്ടിലില്‍ ഒരു കോളനി ഉണ്ടാക്കിയ മൂട്ടകളുടെ കടി കൊണ്ട് ഞാന്‍ ഓടിയ ഓട്ടവും അതിനു ശേഷം ഞാന്‍ ആടിയ കീചക വധം അല്ല 'മൂട്ട വധം'-വുമാണ് ഇതിലെ ഇതിവൃത്തം.. :)

കുറെ നാള്‍ ആയി.. എന്റെ റൂമിലെ കട്ടിലില്‍ ഇരുന്നാല്‍ എന്തോ കടിക്കുന്നു.. കാരണം എന്താണെന്നു മാത്രം പിടികിട്ടുന്നില്ല. സുപ്രഭാതത്തില്‍ നല്ല ഒരു ഉറക്കവും കഴിഞ്ഞു പത്രം വായിച്ചിരുന്ന ഞാന്‍ ആ കാഴ്ച കണ്ടു. ദേ വരുന്നു, ചുവന്നുരുണ്ട് സുന്ദരനായ ഒരു മൂട്ട കുമാരന്‍. തേന്‍മാവിന്‍ കൊമ്പത്ത് സിനിമയില്‍ മോഹന്‍ലാലിന്‍റെ മനസ്സില്‍ തോന്നിയ അതേ ഡയലോഗ് എന്റെ മനസിലും ഒന്ന് മിന്നി.. "ഇപ്പൊ ടെകിനിക്കു പിടികിട്ടി.. അപ്പൊ യെവന്മാരാണ് ഡെയിലി എന്നെ.. "

ഞാന്‍ പതുക്കെ എണീറ്റു കട്ടിലിന്റെ മുകളില്‍ ഉണ്ടായിരുന്ന സാധനങ്ങള്‍ എല്ലാം മാറ്റി വെച്ചശേഷം ഒരു പലക ഇളക്കി മാറ്റി നോക്കി. അപ്പോള്‍ അതിനടിയില്‍ നാലോ അഞ്ചോ ചുവന്ന മൂട്ടക്കുട്ടന്മാര്‍ എന്നെ നോക്കി ചിരിക്കുന്നു. അങ്ങനെ പലകകള്‍ ഓരോന്നായി ഇളക്കിമാറ്റി ഞാന്‍ അവിടെ മൂട്ടകളുടെ ഒരു ലക്ഷം വീട് കോളനി തന്നെ ഉണ്ടെന്നു മനസിലാക്കി. ഇവറ്റകള്‍ എല്ലാത്തിനെയും കൊല്ലാന്‍ ഇത്തിരി സമയം പിടിക്കും. അത് കൊണ്ട് പലകകള്‍ എല്ലാം വീട്ടിന്റെ പുറത്തു കൊണ്ട് പോയി അണ്ണന്മാരെ ഒക്കെ വെയിലത്ത്‌ തട്ടി ഇട്ടു തിരിച്ചു നടന്നു. തിരിച്ച് വീട്ടില്‍ കയറിയപ്പോള്‍ ദേ, രണ്ടു മൂട്ടകള്‍ എന്റെ കാലിലൂടെ അരിച്ചു കയറുന്നു.. അതോടെ എന്റെ റിലേ പോയി.. തിരിച്ച് ചെന്ന് നിലത്ത് കിടന്നു അരിക്കുന്ന സകല മൂട്ടെടെ മക്കളുടെയും ജാലിയന്‍വാലാബാഗ് നടത്തിയിട്ടേ പിന്നെ ഞാന്‍ നിര്ത്തിയുള്ളൂ..

പിബി: ഇവന്‍ എന്ത് കോപ്പാണ് എഴുതി വെച്ചിരിക്കുന്നത് എന്നാണ് ഇപ്പൊ നിങ്ങള്‍ കരുതുന്നത് എങ്കില്‍ ഒരു കാര്യം പറയാം.. എന്‍റെ മനസിലും അത് തന്നെയാ തോന്നുന്നത്.. തല്‍ക്കാലം മൂട്ട കടിച്ചു വട്ടായി എന്ന് കരുതിയാല്‍ മതി.. :)

No comments: